12:23pm 17 October 2026
NEWS
ലീഗിൽ കരുത്തറിയിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ; നേതാക്കൾക്ക് ഇരുട്ടടിയായി 'ഒറ്റപ്പദവി' തീരുമാനം; മന്ത്രിമാരെ ഓഡിറ്റ് ചെയ്യാനും നിർദ്ദേശം
17/10/2026  09:39 AM IST
പ്രദീപ് ഉഷസ്സ്
ലീഗിൽ കരുത്തറിയിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ; നേതാക്കൾക്ക് ഇരുട്ടടിയായി ഒറ്റപ്പദവി തീരുമാനം; മന്ത്രിമാരെ ഓഡിറ്റ് ചെയ്യാനും നിർദ്ദേശം

ജനപ്രതിനിധികൾ അടക്കമുള്ള മുസ്ലീംലീഗ് നേതാക്കൾ വഹിച്ചുകൊണ്ടിരിക്കുന്ന മറ്റ് പാർട്ടി പദവികൾ ഒഴിവാക്കണമെന്ന കർശന തീരുമാനമാണ് മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. ഇതോടെ മന്ത്രിമാരും, എം.എൽ.എമാരും അടക്കമുള്ള നേതാക്കൾക്ക് പാർട്ടിയിലെ മറ്റ് ഔദ്യോഗിക സ്ഥാനമാനങ്ങൾ ഉപേക്ഷിക്കേണ്ടതായും വന്നു. ലീഗിൽ ഒരാൾക്ക് ഒരു പദവി എന്ന നിലപാട് യാഥാർത്ഥ്യമാക്കാൻ മുന്നിട്ടിറങ്ങിയത് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളായിരുന്നു. ഇതോടെ മറ്റ് നേതാക്കളും ഈ തീരുമാനം അംഗീകരിക്കാൻ നിർബന്ധിതരാവുകയായിരുന്നു.

ലീഗ് നേതൃനിരയിലെ 'പവർ ലോബി' തീരുമാനങ്ങൾ കൈക്കൊള്ളുകയും നേതൃത്വം അത് അംഗീകരിക്കേണ്ടിവരികയും ചെയ്യുന്ന സാഹചര്യമാണ് അടുത്തകാലം വരെ മുസ്ലീം ലീഗിൽ നിലനിന്നിരുന്നത്. എന്നാൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാന പ്രസിഡന്റ് ആയതിനുശേഷമാണ് അത്തരം നീക്കുപോക്കുകൾക്ക് പടിപടിയായ മാറ്റങ്ങൾ ഉണ്ടായിത്തുടങ്ങിയത്. ഒരു നേതാവിന് ഒരു പദവി മാത്രം മതിയെന്ന തീരുമാനവും, മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ പാർട്ടി നേതൃത്വം വിലയിരുത്തണമെന്ന തീരുമാനവുമെല്ലാം സാദിഖലി തങ്ങൾ പാർട്ടി നേതൃത്വത്തിൽ കൈവരിക്കുന്ന രാഷ്ട്രീയ ഇച്ഛാശക്തിയുടെ വ്യക്തമായ ദിശാസൂചകങ്ങൾ തന്നെയാണ്.

മുൻകാല ലീഗ് മന്ത്രിമാരെ അപേക്ഷിച്ച്, പുതിയ സർക്കാരിലെ ലീഗ് മന്ത്രിമാരുടെ പ്രവർത്തനങ്ങൾ പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നിട്ടില്ലയെന്ന വിലയിരുത്തലാണ് മുസ്ലീം ലീഗ് നേതൃത്വത്തിന് ഉള്ളത്. മാത്രവുമല്ല, പല ജനപ്രതിനിധികളുടെയും പ്രവർത്തനശൈലികളും, പ്രതികരണങ്ങളും മുസ്ലീംലീഗിന്റെ പാരമ്പര്യത്തിന് യോജിച്ച വിധത്തിലല്ല എന്ന വികാരവും മുതിർന്ന നേതാക്കൾക്ക് ഉണ്ടുതാനും. കെ.എം. ഷാജിയെപ്പോലെയുള്ള മന്ത്രിമാർ നടത്തുന്ന ആഡംബര കാർ യാത്രകളും, വസ്തുതാവിരുദ്ധ വിശദീകരണങ്ങളുമെല്ലാം പൊതുസമൂഹത്തിൽ അവമതിയാണ് സൃഷ്ടിക്കുന്നതെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്.

കൂടാതെ, വിദ്യാഭ്യാസ വകുപ്പിലടക്കം സംഘപരിവാർ ഇടപെടലുകൾ വർദ്ധിച്ചുവരികയാണെന്ന പൊതുവികാരവും മുസ്ലീലീഗിന്റെ കീഴ്ഘടകങ്ങളിലും, പോഷക സംഘടനകളിലും ശക്തമാണ് താനും. യു.ഡി.എഫ് സർക്കാർ ആകട്ടെ, ബി.ജെ.പി നയങ്ങളേയും, കേന്ദ്ര സർക്കാർ തീരുമാനങ്ങളോടും സമരസപ്പെടുന്ന തീരുമാനങ്ങൾ ആണ് കൈക്കൊള്ളുന്നതെന്നും, അതിൽ പ്രതികരിക്കാനും, മുസ്ലീംലീഗിന്റെ പ്രഖ്യാപിതനയം വ്യക്തമാക്കാനും, ലീഗ് മന്ത്രിമാർക്കും, മറ്റ് ജനപ്രതിനിധികൾക്കും കഴിയുന്നില്ലെന്ന ആക്ഷേപവും പാർട്ടിയണികളിൽ ശക്തമായി നിലനിൽക്കുന്നുണ്ട്.

ഈയൊരു സാഹചര്യത്തിലാണ്, മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി മുസ്ലീം ലീഗിന്റെ പ്രവർത്തനശൈലിയിൽ അടിമുടി അഴിച്ചുപണി നടത്താനും, പാർട്ടി നിലപാടുകൾ കർക്കശമായി നടപ്പിലാക്കാനും, അതിനുവേണ്ടി കൂടുതൽ ശക്തിയോടെ പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാനും  സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തീരുമാനിച്ചത്.

ഇരുട്ടടിയായി ഒരു നേതാവിന് ഒരു പദവി

മുസ്ലീംലീഗിൽ ഒരാൾക്ക് ഒരു പദവിയെന്ന തീരുമാനം കർക്കശമായി നടപ്പിൽ വരുത്താൻ സാദിഖലി ശിഹാബ് തങ്ങൾ തീരുമാനിച്ചത് പല ലീഗ് നേതാക്കൾക്കും ഇരുട്ടടിയായി എന്നതാണ് യാഥാർത്ഥ്യം. 'ഒരു നേതാവിന് ഒരു പദവി' എന്ന നിലപാട് മുസ്ലീം ലീഗിൽ നേരത്തെ തന്നെ നിലനിൽക്കുന്നുവെങ്കിലും അതൊന്നും യാഥാർത്ഥ്യമാക്കാൻ മുൻകാല ഭരണനേതൃത്വങ്ങൾ ഒന്നും മുൻകയ്യെടുത്തിരുന്നില്ല. അങ്ങനെയാണ് പല നേതാക്കളും, എം.എൽ.എമാരും, മന്ത്രിമാരുമൊക്കെയായിരിക്കെതന്നെ, പാർട്ടിയുടെ ഔദ്യോഗിക ചുമതലകളും വഹിച്ച് വന്നിരുന്നത്. ആ പതിവിനാണ് ഇക്കുറി ഇളക്കം സംഭവിച്ചിരിക്കുന്നത്.

ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവർ, മുസ്ലീം ലീഗിന്റെ ഔദ്യോഗിക സ്ഥാനമാനങ്ങൾ ഒഴിയണമെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ നയം വ്യക്തമാക്കിയതോടെ, മറ്റ് നേതാക്കൾക്ക് അത് അംഗീകരിക്കേണ്ടിവന്നു. അങ്ങനെയാണ് പലതവണയായി മാറ്റിനിർത്തപ്പെട്ടവർക്കും, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സീറ്റ് കിട്ടാതെ പോയവർക്കുമെല്ലാം ലീഗ് നേതൃത്വത്തിലേക്ക് എത്താനും, ഭരണസാരഥ്യം ഏറ്റെടുക്കാനും വഴിയൊരുക്കിയത്.

വി.ഡി. സതീശൻ മന്ത്രിസഭയിലെ അംഗങ്ങളായ എൻ. ഷംസുദ്ദീനും, കെ.എം. ഷാജിക്കും, പി.കെ. ബഷീറിനും, വി.ഇ. അബ്ദുൾ ഗഫൂറിനുമെല്ലാം ലീഗിന്റെ സംസ്ഥാന ഭാരവാഹിത്വം ഒഴിയേണ്ടി വന്നത് ഈ വിധത്തിലായിരുന്നു. മുസ്ലീം ലീഗിൽ മറ്റ് പദവികൾ വഹിക്കുന്ന എം.എൽ.എമാർക്കും സ്ഥാനചലനങ്ങൾ സംഭവിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ പല ജില്ലാതല ഭാരവാഹികളും തൽസ്ഥാനങ്ങൾ ഒഴിയാൻ നിർബന്ധിതരാവുകയും ചെയ്തു. ആബിദ് ഹുസൈൻ തങ്ങൾ, പാറക്കൽ അബ്ദുള്ള, എം.എ. റസാഖ് മാസ്റ്റർ തുടങ്ങിയവർക്കാണ് ഈവിധത്തിൽ പാർട്ടിയിലെ ഔദ്യോഗിക പദവികൾ നഷ്ടമായത്.

അതേസമയം അഖിലേന്ത്യാ ഭാരവാഹികൾക്ക് തൽക്കാലം 'ഒറ്റപ്പദവി' നടപ്പാക്കേണ്ട എന്ന തീരുമാനത്തിലാണ് ലീഗിന്റെ സംസ്ഥാന നേതൃത്വം. അഖിലേന്ത്യാ ഭാരവാഹികളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയ മുതിർന്ന നേതാക്കളോട് തൽസ്ഥാനത്ത് തുടരാനാണ് നേതൃത്വം ശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടമായവർക്ക് ഇത്തവണ സവിശേഷ പരിഗണനയാണ് നൽകിയിട്ടുള്ളത്. വള്ളിക്കുന്ന് മുൻ  എം.എൽ.എ പി. അബ്ദുൽഹമീദിനെ സംസ്ഥാന വൈസ് പ്രസിഡണ്ടായും, കാസർഗോഡ് മുൻ എം.എൽ.എ എൻ.എ നെല്ലിക്കുന്നിനെ ജില്ലാ പ്രസിഡണ്ട് ആയും നിയമിച്ചിട്ടുണ്ട്. എം.എൽ.എമാരായിരുന്ന പി. ഉബൈദുള്ളയെ സംസ്ഥാന സെക്രട്ടറിയായും, എം. ഉമ്മർ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കും. അഷ്‌റഫ് മൂപ്പനാണ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി. ഇത്തവണ സീറ്റ് ലഭിക്കുമെന്ന് കരുതിയിരുന്ന ടി.ടി. ഇസ്മായിൽ ലീഗിന്റെ കോഴിക്കോട് പ്രസിഡണ്ടായി ഇനി പ്രവർത്തിക്കും. സൂപ്പി നരിക്കാട്ടേരിയാണ് കോഴിക്കോട്ടെ ലീഗ് ജനറൽ സെക്രട്ടറി. ജി. മാഹിൻ അബൂബക്കർ(തിരുവനന്തപുരം), മുഹമ്മദ് ടി. പാറാട്(കണ്ണൂർ) എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ.

ലീഗ് നേതൃനിരയിൽ മുസ്ലീം അല്ലാത്ത നേതാക്കൾ

ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടായി, സി. ശ്യാം സുന്ദറിനെ കൊണ്ടുവന്നതാണ് സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ കൈക്കൊണ്ട വിപ്ലവകരമായ മറ്റൊരു തീരുമാനം. മുസ്ലീംലീഗിന്റെ നേതൃനിരയിലേക്ക് മുസ്ലീം അല്ലാത്ത മറ്റൊരു നേതാവ് എത്തിയതിന് സവിശേഷ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. മുൻ സി.പി.എം നേതാവായിരുന്ന ശ്യാം സുന്ദർ വി.എസ്.അച്യുതാനന്ദന്റെ അടുത്ത അനുയായിയായിരുന്നു. സി.പി.എമ്മിൽ വിഭാഗീയത ശക്തമായി കത്തിപ്പടരുന്ന കാലത്താണ് ശ്യാം സുന്ദർ സി.പി.എം ബന്ധം ഉപേക്ഷിക്കുന്നത്. ആലപ്പുഴയിലെ സി.പി.എം ജില്ലാ കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ശ്യാം സുന്ദർ സി.പി.എം വിട്ടശേഷം മുസ്ലീം ലീഗിന്റെ ഭാഗമായാണ് പ്രവർത്തിച്ച് വരുന്നത്. കഴിഞ്ഞ 16 വർഷമായി ലീഗിന്റെ ഭാഗമായ അദ്ദേഹം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. അവിടെ നിന്നുമാണ് ശ്യാംസുന്ദർ ഇപ്പോൾ സംസ്ഥാന വൈസ് പ്രസിഡണ്ടായി മാറിയിരിക്കുന്നത്. മുസ്ലീം ലീഗ് ഉയർത്തിപ്പിടിക്കുന്നത് മതവർഗ്ഗീയ രാഷ്ട്രീയമല്ല. മതേതര മൂല്യങ്ങൾ തന്നെയാണെന്ന നിശ്ശബ്ദ പ്രഖ്യാപനമായിട്ടാണ് ശ്യാം സുന്ദറിന്റെ ഔദ്യോഗിക ഭാരവാഹിത്വം വിലയിരുത്തപ്പെടുന്നത്. ദളിത് ലീഗ് നേതാവും മുൻ എം.എൽ.എയുമായ യു.സി. രാമൻ ലീഗിന്റെ നേതൃനിരയിൽ നേരത്തെ ത്തന്നെയുണ്ടെങ്കിലും മുസ്ലീം അല്ലാത്ത ഒരാൾ മുസ്ലീം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആകുന്നത് ആദ്യമായിട്ടാണ്.

മുസ്ലീങ്ങൾ അല്ലാത്തവരെ ലീഗീന്റെ സജീവപ്രവർത്തനരംഗത്തേയ്ക്ക് കൊണ്ടുവരുന്നത് പുതിയ കാര്യമൊന്നുമല്ലെങ്കിലും, ദേശീയതലത്തിൽ അടക്കം അവർക്ക് സമുന്നത സ്ഥാനം നൽകുന്നത് ചെറിയ കാര്യമല്ല. ലീഗിന്റെ നേതൃസ്ഥാനത്തേക്ക് അർഹമായ പ്രാതിനിധ്യം സ്ത്രീകൾക്ക് ലഭിക്കുന്നില്ലെന്ന പരാതി നിലനിൽക്കെയാണ്, ജയന്തി രാജനെ ലീഗിന്റെ ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വയനാട്ടിലെ ഇരുളം സ്വദേശിനിയായ ജയന്തി രാജൻ ദലിത് വിഭാഗത്തിൽ നിന്നുള്ള വനിതാനേതാവെന്ന നിലയിലും ശ്രദ്ധേയയാണ്. വയനാട് പൂതാടി ഗ്രാമപഞ്ചായത്ത് അംഗം, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ജയന്തിരാജൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്നു. ജയന്തിരാജനെ പോലെയൊരു വനിതാ നേതാവിനെ കൂത്തുപറമ്പിൽ ലീഗ് സ്ഥാനാർത്ഥിയാക്കിയതിന് പിന്നിൽ സംസ്ഥാന പ്രസിഡണ്ട് സാദിഖലി തങ്ങളുടെ ഉറച്ച തീരുമാനം തന്നെയാണ് ഉണ്ടായിരുന്നത്.

പച്ചപുതച്ച സാമുദായിക രാഷ്ട്രീയം തന്നെയാണ് മുസ്ലീം ലീഗിന്റെ മുഖമുദ്രയെങ്കിലും ഇതര മതസ്ഥരെയും നേതൃനിരകളിലേക്ക് കൈപിടിച്ച് കയറ്റാനുള്ള രാഷ്ട്രീയ ദീർഘവീക്ഷണം ലീഗ് നേതൃത്വം പ്രകടിപ്പിക്കുന്നുവെന്നത് എടുത്തുപറയാവുന്ന വസ്തുതയാണ്. അമുസ്ലീങ്ങൾ ലീഗിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നതിന്റെ വേറിട്ട കാഴ്ചകൾ ആദ്യകാലം മുതൽക്കുതന്നെ ഉണ്ടായിരുന്നുവെന്നതും കാണേണ്ടതുണ്ട്. 1952 ൽ മദ്രാസ് അസംബ്ലിയുടെ ഭാഗമായിരിക്കെ ലീഗിന്റെ അഞ്ച് എം.എൽ.എമാരിൽ ഒരാൾ അമുസ്ലീം നേതാവായിരുന്നു. എം. ചടയൻ എം.എൽ.എ. 1957 ൽ മഞ്ചേരിയിൽ നിന്നും വീണ്ടും അദ്ദേഹം എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലീംലീഗ് നേതാവും, ദീർഘകാലം എം.എൽ.എയുമായിരുന്ന കെ.പി. രാമൻ മാസ്റ്ററും ഹിന്ദുവിശ്വാസിയായിരിക്കെത്തന്നെ ഹരിതരാഷ്ട്രീയത്തിലെ കരുത്തനായ പ്രയോക്താവായിരുന്നു. ഇപ്പോൾ ശ്യാം സുന്ദറിനെപ്പോലെയൊരു നേതാവിനെ ലീഗിന്റെ സംസ്ഥാന ഉപാധ്യക്ഷനായി തെരഞ്ഞെടുക്കുക വഴി പ്രൗഢമായ ഒരു പാരമ്പര്യത്തിന്റെ തുടർച്ച തന്നെയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രാവർത്തികമാക്കിയതെന്നതും എടുത്തുപറയേണ്ടുന്ന വസ്തുത തന്നെയാണ്.

മന്ത്രിമാരെയും ഓഡിറ്റ് ചെയ്യും

മന്ത്രിമാരും, മറ്റ് ജനപ്രതിനിധികളും പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വത്തിൽ നിന്നും മാറിനിൽക്കണമെന്നും, 'ഒറ്റപ്പദവി' യാഥാർത്ഥ്യമാക്കണമെന്നും കർക്കശ നിലപാട് കൈക്കൊണ്ട സാദിഖലി തങ്ങൾ മറ്റൊരു വേറിട്ട തീരുമാനം കൂടി സംസ്ഥാന സമിതിയോഗത്തിൽ അവതരിപ്പിക്കുകയുണ്ടായി. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും പ്രവർത്തനങ്ങൾ യഥാസമയം ഓഡിറ്റ് ചെയ്യപ്പെടണമെന്നതായിരുന്നു ആ സുപ്രധാന തീരുമാനം. അതിനുവേണ്ടി, രണ്ട് മാസത്തിൽ ഒരിക്കൽ ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതിയെ സംസ്ഥാന നേതൃയോഗം തെരഞ്ഞെടുത്തിട്ടുമുണ്ട്. കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ മുസ്ലീംലീഗ് മന്ത്രിമാരുടെ പ്രവർത്തനങ്ങൾ ഒട്ടേറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ സാഹചര്യത്തിൽ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് വലിയ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. ലീഗിന്റെ ആഭ്യന്തര രാഷ്ട്രീയാവസ്ഥകളിൽ നിരന്തരം ഇടപെട്ടുകൊണ്ട്, വ്യക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയാണ് സാദിഖലി തങ്ങൾ പ്രകടിപ്പിക്കുന്നതെന്നും രാഷ്ട്രീയ കേന്ദ്രങ്ങൾ ചൂണ്ടിക്കാണിക്കുന്നതും ഇതുകൊണ്ടുതന്നെയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img